Month: ആഗസ്റ്റ് 2022

ദൈവത്തെ സ്‌നേഹിക്കുകയും അവനിൽ ചാരുകയും ചെയ്യുക

സുനിൽ തമാശക്കാരനും മിടുക്കനും എല്ലാവരുടെയും സ്‌നേഹഭാജനവുമായിരുന്നു. എന്നാൽ അവൻ രഹസ്യമായി വിഷാദരോഗത്തോടു പോരാടുകയായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അവൻ ആത്മഹത്യ ചെയ്തതിനുശേഷം, അവന്റെ അമ്മ പ്രതിഭ അവനെക്കുറിച്ച് പറഞ്ഞു, “അവനെപ്പോലെ ഇത്രയധികം മിടുക്കനും എല്ലാവരും ഇഷ്ടപ്പെടുന്നവനുമായ ഒരാൾ എങ്ങനെ ആ അവസ്ഥയിലേക്ക് വരുമെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. സുനിൽ. . . ആത്മഹത്യയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നില്ല.’’ പ്രതിഭയ്ക്ക് നിശ്ശബ്ദമായി തന്റെ സങ്കടം ദൈവത്തോട് പകരുന്ന നിമിഷങ്ങളുണ്ട്. ആത്മഹത്യയ്ക്കു ശേഷമുള്ള അഗാധമായ ദുഃഖം “തികച്ചും വ്യത്യസ്തമായ ദുഃഖത്തിന്റെ തലം’’ ആണെന്ന് അവൾ പറയുന്നു. എന്നിട്ടും അവളും അവളുടെ കുടുംബവും ശക്തിക്കായി ദൈവത്തിലും മറ്റുള്ളവരിലും ചാരുവാൻ പഠിച്ചു, ഇപ്പോൾ അവർ വിഷാദരോഗത്തിന്റെ പിടിയിലായിരിക്കുന്ന മറ്റുള്ളവരെ സ്‌നേഹിക്കാൻ അവരുടെ സമയം ഉപയോഗിക്കുന്നു.

പ്രതിഭയുടെ മുദ്രാവാക്യം “സ്‌നേഹിക്കുകയും ചാരുകയും’’ എന്നതായി മാറി. രൂത്തിന്റെ പഴയനിയമ കഥയിലും ഈ ആശയം കാണാം. നൊവൊമിക്ക് അവളുടെ ഭർത്താവിനെയും രണ്ട് ആൺമക്കളെയും നഷ്ടപ്പെട്ടു - അവരിലൊരാൾ രൂത്തിനെയാണ് വിവാഹം കഴിച്ചത് (രൂത്ത് 1:3-5). കയ്പ്പും വിഷാദവും കൊണ്ടു നിറഞ്ഞ നൊവൊമി, അവളെ പരിപാലിക്കാൻ കഴിയുന്ന അമ്മയുടെ കുടുംബത്തിലേക്കു മടങ്ങാൻ രൂത്തിനെ പ്രേരിപ്പിച്ചു. രൂത്താകട്ടെ ദുഃഖിതയാണെങ്കിലും, അമ്മായിയമ്മയോടു “പറ്റിനിന്നു,’’ അവളോടൊപ്പം താമസിക്കാനും അവളെ പരിപാലിക്കാനും പ്രതിജ്ഞചെയ്തു (വാ. 14-17). അവർ നവോമിയുടെ മാതൃരാജ്യമായ ബെത്‌ലഹേമിലേക്കു മടങ്ങി, അവിടെ രൂത്ത് ഒരു വിദേശിയായിരുന്നു. എന്നാൽ അവർക്ക് സ്‌നേഹിക്കാനും ചാരുവാനും പരസ്പരം ഉണ്ടായിരുന്നു, ദൈവം അവർക്ക് വേണ്ടി കരുതി (2:11-12).

നമ്മുടെ ദുഃഖസമയത്ത്, ദൈവസ്‌നേഹം സ്ഥിരമായി നിലകൊള്ളുന്നു. നമുക്കു ചാരുവാൻ അവനെപ്പോഴും നമുക്കുവേണ്ടി ഉള്ളതുപോലെ നാം അവന്റെ ശക്തിയിൽ മറ്റുള്ളവരിൽ ആശ്രയിക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്യുന്നു.

ഞങ്ങൾക്ക് യേശുവിന്റെ സഹായം വേണം

ഒടുവിൽ ആ ദിവസം വന്നെത്തി - എന്റെ പിതാവ് തകർക്കപ്പെടാത്തവനല്ലെന്നു ഞാൻ തിരിച്ചറിഞ്ഞ ദിവസം. ഒരു ആൺകുട്ടിയെന്ന നിലയിൽ, അദ്ദേഹത്തിന്റെ ശക്തിയും നിശ്ചയദാർഢ്യവും എനിക്കറിയാമായിരുന്നു. പക്ഷേ, പ്രായപൂർത്തിയായ എന്റെ ആദ്യകാലങ്ങളിൽ, പിതാവിന്റെ പുറത്തു പരിക്കേറ്റു, എന്റെ അച്ഛൻ മർത്യനാണെന്ന് ഞാൻ മനസ്സിലാക്കി. അച്ഛനെ സഹായിക്കാനായി ഞാൻ വീട്ടിൽ നിന്നു. അച്ഛനെ കുളിമുറിയിൽ കൊണ്ടുപോകാനും വസ്ത്രം ധരിപ്പിക്കാനും ഒരു ഗ്ലാസ് വെള്ളം വായിലേക്ക് അടുപ്പിക്കാനും പോലും എന്റെ സഹായം ആവശ്യമായിരുന്നു. അത് അദ്ദേഹത്തെ വിനയാന്വിതനാക്കി. ചെറിയ ജോലികൾ ചെയ്യാൻ അദ്ദേഹം ചില പ്രാരംഭ ശ്രമങ്ങൾ നടത്തി, പക്ഷേ “നിന്റെ സഹായമില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല’’ എന്നു സമ്മതിച്ചു. ഒടുവിൽ അദ്ദേഹം ക്രമേണ തന്റെ ദൃഢസ്വഭാവം വീണ്ടെടുത്തു, എന്നാൽ ആ അനുഭവം ഞങ്ങൾ രണ്ടുപേരെയും ഒരു പ്രധാന പാഠം പഠിപ്പിച്ചു - ഞങ്ങൾക്ക് പരസ്പരം വേണം.

നമുക്കു പരസ്പരം ആവശ്യമുള്ളപ്പോൾ, നമുക്ക് യേശുവിനെ കൂടുതൽ ആവശ്യമുണ്ട്. യോഹന്നാൻ 15 ൽ, മുന്തിരിവള്ളിയുടെയും കൊമ്പുകളുടെയും ചിത്രങ്ങൾ നാം മുറുകെ പിടിക്കുന്ന ഒന്നായി തുടരുന്നു. എങ്കിലും മറ്റൊരു പദപ്രയോഗം, ആശ്വസിപ്പിക്കുന്നതോടൊപ്പം, നമ്മുടെ സ്വാശ്രയത്വത്തിന്മേലുള്ള കനത്ത പ്രഹരവുമാണ്. നമ്മുടെ മനസ്സിലേക്ക് എളുപ്പത്തിൽ കടന്നുവരുന്ന ചിന്ത, എനിക്ക് സഹായം ആവശ്യമില്ല എന്നതാണ്. യേശു പറയുന്നതു വ്യക്തമാണ് “എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല’’ (വാ. 5). ഒരു ശിഷ്യന്റെ പ്രധാന സവിശേഷതകളായ “സ്‌നേഹം, സന്തോഷം, സമാധാനം’’ (ഗലാത്യർ 5:22) എന്നിങ്ങനെയുള്ള ഫലം കായ്ക്കുന്നതിനെക്കുറിച്ചാണ് ക്രിസ്തു സംസാരിക്കുന്നത്.  ഫലം കായ്ക്കുന്നതിനായിട്ടാണ് യേശു നമ്മെ വിളിക്കുന്നത്. അവനിലുള്ള നമ്മുടെ പൂർണ്ണമായ ആശ്രയം ഫലവത്തായ ഒരു ജീവിതം നൽകുന്നു, പിതാവിന്റെ മഹത്വത്തിനായി ജീവിക്കുന്ന ഒരു ജീവിതം! (യോഹന്നാൻ 15:8).

കാര്യവിചാരകത്വമെന്ന പദവി

അവധിക്കാലത്ത്, ഞാനും ഭർത്താവും എലിയറ്റ് ബീച്ചിലൂടെ നടക്കുമ്പോൾ, കൊട്ടക്കണക്കിന് ആമ മുട്ടകൾ ഞങ്ങൾ കണ്ടു. ഒലിവ് റിഡ്‌ലി കടലാമകളുടെ മുട്ടകൾ വിരിയുന്നതു സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചെന്നൈ ബീച്ചുകളിലൂടെ രാത്രി നടത്തം സംഘടിപ്പിക്കുന്ന സന്നദ്ധപ്രവർത്തകരുടെ ഒരു ടീമിനൊപ്പം താൻ പ്രവർത്തിക്കുന്നതായി ഞങ്ങൾ കണ്ടുമുട്ടിയ ഒരു യുവാവ് വിശദീകരിച്ചു. മൃഗങ്ങളും മനുഷ്യരും മുട്ടു വിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞുങ്ങളുടെ ജീവനു ഭീഷണിയാകാറുണ്ട്. “ഞങ്ങളുടെ ഈ ശ്രമങ്ങളെല്ലാമുണ്ടായിട്ടും ഓരോ ആയിരം കുഞ്ഞുങ്ങളിൽ ഒരെണ്ണം മാത്രമേ പ്രായപൂർത്തിയിലെത്തുന്നുള്ളു എന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്’’ എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഈ ഭയാനകമായ കണക്കുകൾ ഈ യുവാവിനെ നിരുത്സാഹപ്പെടുത്തുന്നില്ല. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ നിസ്വാർത്ഥമായി സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം കടലാമകളെ ബഹുമാനിക്കാനും സംരക്ഷിക്കാനുമുള്ള എന്റെ ആഗ്രഹത്തെ ആഴമുള്ളതാക്കി. ദൈവം സൃഷ്ടിച്ച ജീവികളെ പരിപാലിക്കാനുള്ള എന്റെ ദൈവദത്തമായ ഉത്തരവാദിത്തത്തെ ഓർമ്മിപ്പിക്കുന്ന ഒരു കടലാമയുടെ പെൻഡന്റ് ഞാൻ ഇപ്പോൾ ധരിക്കുന്നു.

ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോൾ, ഓരോ ജീവിക്കും ജീവിക്കാനും പെരുകാനും കഴിയുന്ന ഒരു വാസസ്ഥലം അവൻ നൽകി (ഉല്പത്തി 1:20-25). അവൻ തന്റെ പ്രതിച്ഛായ-വാഹകരെ സൃഷ്ടിച്ചപ്പോൾ അവർ, “സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാഇഴജാതിയിന്മേലും’’ വാഴണമെന്ന് ദൈവം ഉദ്ദേശിച്ചു (വാ. 26). അവന്റെ വിശാലമായ സൃഷ്ടിയെ പരിപാലിക്കാൻ ദൈവം നൽകിയ അധികാരം ഉപയോഗിക്കുന്ന ഉത്തരവാദിത്തമുള്ള കാര്യവിചാരകന്മാരായി അവനെ സേവിക്കാൻ അവൻ നമ്മെ സഹായിക്കുന്നു.

പ്രാർത്ഥന ഭൂമിയെ കുലുക്കുമ്പോൾ

ഡോ. ഗാരി ഗ്രീൻബെർഗ് ലോകമെമ്പാടുമുള്ള കടൽത്തീരങ്ങളിൽ നിന്ന് മണലിന്റെ അനേക മടങ്ങു വലുപ്പത്തിലുള്ള ഫോട്ടോകളെടുത്തു. പലപ്പോഴും അവ ഒപ്പിയെടുത്ത, മണലിലെ ധാതുക്കൾ, ചിപ്പികൾ, പവിഴ ശകലങ്ങൾ എന്നിവയിൽ നിന്നുള്ള തിളക്കമാർന്ന നിറങ്ങൾ നമ്മെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. 

കണ്ണിനു കാണുന്നതിനേക്കാൾ കൂടുതൽ മണലിൽ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. അരീനോളജിയിൽ (മണലിനെക്കുറിച്ചുള്ള പഠനം), മണലിലെ ധാതുക്കളുടെ സൂക്ഷ്മതല വിശകലനത്തിലൂടെ മണ്ണൊലിപ്പ്, തീരത്തെ പ്രവാഹങ്ങൾ, തീരപ്രദേശങ്ങളിന്മേലുള്ള അവയുടെ സ്വാധീനം എന്നിവയെക്കുറിച്ച് ധാരാളം കണ്ടെത്താൻ കഴിയും. ഒരു ചെറിയ മണൽത്തരിയിൽനിന്നുപോലും വലിയ മൂല്യമുള്ള വിവരങ്ങൾ ലഭിക്കും!

ഒരൊറ്റ പ്രാർത്ഥന, ഒരു മണൽത്തരി പോലെ, ഭാരിച്ച ഒരു കാര്യമാണ്. ദൈവരാജ്യത്തിന്റെ വരവിൽ പ്രാർത്ഥനയുടെ ശക്തമായ പങ്കിനെക്കുറിച്ചു തിരുവെഴുത്തു സൂചിപ്പിക്കുന്നു. വെളിപ്പാട് 8 ൽ, ദൈവസിംഹാസനത്തിനുമുമ്പിലുള്ള ധൂപപീഠത്തിന്നരികിൽ 'സകലവിശുദ്ധന്മാരുടെയും പ്രാർത്ഥനകൾ' അടങ്ങിയ ഒരു സ്വർണ്ണ ധൂപകലശം പിടിച്ചുകൊണ്ടു നിൽക്കുന്നത് യോഹന്നാൻ കാണുന്നു. “ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി’’ (വാ. 3, 5).

ദൂതൻ തീയും പ്രാർത്ഥനയും നിറഞ്ഞ ധൂപകലശം എറിഞ്ഞയുടനെ, ഈ പഴയ ഭൂമിയുടെ അവസാന നാളുകളും ക്രിസ്തുവിന്റെ മടങ്ങിവരവും അറിയിച്ചുകൊണ്ട്  “ഏഴു കാഹളമുള്ള ദൂതന്മാർ ഏഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു’’ (വാ. 6).

നമ്മുടെ പ്രാർത്ഥനകൾ പ്രത്യേകിച്ചു ഗുണം ചെയ്യുമെന്നു നമുക്കു പലപ്പോഴും തോന്നിയേക്കില്ല, പക്ഷേ ദൈവം ഒരെണ്ണം പോലും നഷ്ടപ്പെടുത്തുന്നില്ല. അവന്റെ രാജ്യത്തിന്റെ പൂർത്തീകരണത്തിൽ അവ ഏതെങ്കിലും നിലയിൽ ഒരു പങ്കു വഹിക്കുന്നു എന്നറിയുന്നതിനാൽ അവൻ അവയെ വളരെയധികം വിലമതിക്കുന്നു. ഏറ്റവും ചെറിയ പ്രാർത്ഥനയായി നമുക്ക് തോന്നുന്നവ അവനെ സംബന്ധിച്ച് ഭൂമിയെ കുലുക്കുന്നഭാരമുള്ളവയാണ്!

ജീവ-ദായക തിരുത്തൽ

“നിർഭാഗ്യവശാൽ, ഞങ്ങൾക്ക് അടുത്തിടെ വളരെ കഠിനമായ ഒരു സംഭാഷണം നടത്തേണ്ടിവന്നു,’’ ശ്രേയ പറഞ്ഞു. “ഞങ്ങൾക്കു രണ്ടുപേർക്കും അതു സന്തോഷകരമായിരുന്നില്ല, പക്ഷേ അവളുടെ ചുറ്റുമുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ അവളുടെ മനോഭാവവും പ്രവർത്തനങ്ങളും സംബന്ധിച്ച് അവളോടു സംസാരിക്കേണ്ടതുണ്ടെന്ന് എനിക്കു ശരിക്കും തോന്നി.’’ അവൾ ഉപദേശിക്കുന്ന യുവതിയെക്കുറിച്ചാണ് ശ്രേയ പറഞ്ഞത്. സുഖകരമല്ലായിരുന്നുവെങ്കിലും, അവരുടെ സംഭാഷണം ഫലപ്രദവും യഥാർത്ഥത്തിൽ അവരുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നതും ആയിരുന്നു. ഏതാനും ആഴ്ചകൾക്കുശേഷം, താഴ്മ എന്ന പ്രമേയവുമായി രണ്ട് സ്ത്രീകളും സഭാംഗങ്ങളെയെല്ലാം ഉൾപ്പെടുത്തി ഒരു പ്രാർത്ഥനാ സമയത്തിനു നേതൃത്വം കൊടുത്തു.

ഒരു ഔപചാരിക മാർഗനിർദേശ ബന്ധത്തിനു പുറത്തു പോലും, ക്രിസ്തുവിലുള്ള ഒരു സഹോദരനോടോ സഹോദരിയോടോ നമുക്കു കഠിനമായി സംസാരിക്കേണ്ടിവരും. കാലാതീതമായ ജ്ഞാനം നിറഞ്ഞ ഒരു പുസ്തകമായ സദൃശവാക്യങ്ങളിൽ, തിരുത്തൽ കൊടുക്കുന്നതിലും സ്വീകരിക്കുന്നതിലും താഴ്മയുടെ പ്രാധാന്യം ആവർത്തിച്ചു പറയുന്ന ഒരു വിഷയമാണ്. വാസ്തവത്തിൽ, സൃഷ്ടിപരമായ വിമർശനത്തെ “ജീവദായകം’’ എന്നു വിളിക്കുന്നു, അത് യഥാർത്ഥ ജ്ഞാനത്തിലേക്ക് നയിക്കുന്നു (സദൃശവാക്യങ്ങൾ 15:31). സദൃശവാക്യങ്ങൾ 15:5 പറയുന്നത്, “ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.’’ വ്യക്തമായി പറഞ്ഞാൽ, “ശാസന വെറുക്കുന്നവൻ മരിക്കും’’ (വാക്യം 10). ശ്രേയ സാക്ഷ്യം വഹിച്ചതുപോലെ, സ്‌നേഹത്തിൽ പറയുന്ന സത്യം ഒരു ബന്ധത്തിന് പുതിയ ജീവൻ നല്കും.

നിങ്ങളുടെ ജീവിതത്തിൽ, സ്‌നേഹപൂർണ്ണവും ജീവദായകവുമായ ഒരു തിരുത്തൽ വാക്ക് പറയേണ്ട ആരെങ്കിലും ഉണ്ടോ? അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾക്ക് ഈയിടെ ജ്ഞാനപൂർണ്ണമായ ഉപദേശം ലഭിക്കുകയും കോപത്തോടെയോ നിസ്സംഗതയോടെയോ പ്രതികരിക്കാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുകയും ചെയ്തിരിക്കാം. ശിക്ഷണത്തെ അവഗണിക്കുക എന്നത് സ്വയം നിന്ദിക്കുന്നതിനു തുല്യമാണ്, എന്നാൽ തിരുത്തൽ ശ്രദ്ധിക്കുന്നത് ജ്ഞാനം നേടലാണ് (വാക്യം 32). ഇന്ന് താഴ്മയോടെ തിരുത്തൽ നൽകാനും സ്വീകരിക്കാനും നമ്മെ സഹായിക്കാൻ ദൈവത്തോട് അപേക്ഷിക്കാം.